നോമ്പ് മുറിക്കുന്നതിനാണ് ഫത്വറ എന്ന് അറബിയില്‍ പ്രയോഗിക്കാറുള്ളത്. റമദാനിലെ നോമ്പ് അവസാനിക്കുന്നതിലൂടെ നിര്‍ബന്ധമാകുന്ന പ്രത്യേക ദാനധര്‍മമാണ് ഫിത്വ്ര്‍ സകാത്ത്. അത് ശരീരത്തിന്റെ സകാത്താണ്. അതിനാല്‍ തന്നെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവസാനത്തെ നോമ്പിന് പിറക്കുന്ന കുഞ്ഞിനു പോലും സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാവും.
ഇബ്നു ഉമര്‍(റ) പറയുന്നു:
"മുസ്ലിംകളില്‍ പെട്ട ചെറിയവനും വലിയവനും ആണിനും പെണ്ണിനും അടിമക്കും സ്വതന്ത്രനും ഒരു സ്വാഅ് (2മ്മ കിലോ) കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ഗോതമ്പ് ഫിത്വ്ര്‍ സകാത്തായി റസൂല്‍(സ) നിര്‍ബന്ധമാക്കിയിരിക്കുന്നു.''
പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായിട്ടാണ് സകാത്ത് നല്‍കേണ്ടത്. നമസ്കാരശേഷമുള്ള സകാത്ത് സ്വീകാര്യമല്ല.
ഫിത്വ്ര്‍ സകാത്തിന്റെ ലക്ഷ്യം
ഇബ്നു അബ്ബാസ്(റ) പറയുന്നു:
"നോമ്പുകാരനില്‍നിന്ന് വന്നുപോയ അനാവശ്യങ്ങള്‍ക്കും മ്ളേഛതകള്‍ക്കും ശുദ്ധീകരണമായിക്കൊണ്ടും ദരിദ്രര്‍ക്ക് ഭക്ഷണമായികൊണ്ടും റസൂല്‍(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു.''
1. സഹ്വിന്റെ സുജൂദിലൂടെ നമസ്കാരത്തിലെ അബദ്ധങ്ങള്‍ മായ്ക്കപ്പെടുന്നത് പോലെ സകാത്തുല്‍ ഫിത്വ്റിലൂടെ നോമ്പുകാരന്റെ വീഴ്ചകള്‍ പൊറുക്കപ്പെടും.
2. ദരിദ്രന് അന്നേദിവസത്തെ അന്നം. റസൂല്‍(സ) പറയുന്നു: "ഇന്നേദിവസം നിങ്ങളവരെ സമ്പന്നരാക്കുവിന്‍, ചോദിച്ചു അലഞ്ഞുനടക്കുന്നതില്‍നിന്ന് മുക്തരാക്കുവിന്‍.'' അതായത് പെരുന്നാള്‍ സന്തോഷത്തില്‍ പങ്കു ചേരാന്‍ ദരിദ്രര്‍ക്കും അവസരം നല്‍കൂ. മനസ്സില്‍ തൃപ്തിയും സന്തോഷവും നിറച്ചു പെരുന്നാള്‍ കഴിച്ചുകൂട്ടാന്‍ അവര്‍ക്ക് സാധിക്കട്ടെ.
3. എന്നും വാങ്ങാനുള്ളവനല്ല, കൊടുക്കാനും സാധിക്കണം എന്നതിനാലാണ് ഫിത്വ്ര്‍ സകാത്ത് വ്യക്തിക്ക് നിര്‍ബന്ധമാക്കിയതും അന്നത്തെ അന്നം കഴിച്ച് ബാക്കി എന്തെങ്കിലുമുള്ളവരൊക്കെ അത് കൊടുക്കണമെന്ന് കല്‍പിച്ചതും.
എന്ത് കൊടുക്കണം?
പ്രവാചകന്റെ കാലത്തെ അടിസ്ഥാന മുഖ്യ ഭക്ഷണ പദാര്‍ഥങ്ങളായ കാരക്ക, ഗോതമ്പ് പോലുള്ളവയാണ് ഫിത്വ്ര്‍ സകാത്തായി നല്‍കിയിരുന്നത്. നമ്മുടെ സമൂഹം ഇവിടുത്തെ അടിസ്ഥാന ഭക്ഷണമായ അരി കൊടുക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോയി, ബിരിയാണി അരിയും മറ്റും കൊടുക്കുന്നുണ്ട്. നിത്യപട്ടിണിയായവന് പെരുന്നാള്‍ ദിവസം നന്നായി ഭക്ഷണം കഴിക്കാന്‍ കഴിയുക എന്നത് സംതൃപ്തിയും സന്തോഷവും നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് പലയിടത്തും അടിസ്ഥാന പ്രശ്നം ഭക്ഷണമല്ല എന്ന് വന്നിരിക്കുന്നു. ചുറ്റും താമസിക്കുന്നവരും നാട്ടുകാരും പുതുവസ്ത്രം ധരിക്കുമ്പോള്‍ ദരിദ്രന് അരി കിട്ടലാണോ സന്തോഷം, അതോ പുതു വസ്ത്രം ലഭിക്കലോ? ദരിദ്രന്റെ സന്തോഷവും തൃപ്തിയുമാണ് ശരീഅത്തിന്റെ ലക്ഷ്യമെങ്കില്‍ ദരിദ്രര്‍ക്ക് പണം കിട്ടുന്നതായിരിക്കും കൂടുതല്‍ ഉപകാരപ്രദം. എങ്കില്‍ അവര്‍ക്ക് അരിയോ ഇറച്ചിയോ വസ്ത്രമോ എന്ത് വേണമെങ്കിലും വാങ്ങാമല്ലോ. ശരീഅത്തിന്റെ അന്തസത്തയോട് അടുത്ത് നില്‍ക്കുന്നത് ഇതാണ്.
വില നല്‍കുന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍
ഫിത്വ്ര്‍ സകാത്ത് വിലയായി നല്‍കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഖുര്‍ആനിലും ഹദീസിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ സകാത്ത് വിലയായി നല്‍കാന്‍ പാടില്ല എന്ന അഭിപ്രായക്കാരാണ് ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം ഹമ്പല്‍.
എന്നാല്‍ ഇമാം അബൂഹനീഫ പറയുന്നു: "വില കൊടുക്കല്‍ അനുവദനീയം ആണ്. പെരുന്നാള്‍ ദിവസം താനിച്ഛിക്കുന്നത് ദരിദ്രന് വാങ്ങാന്‍ അതാണ് എളുപ്പം. ചിലപ്പോളവന്‍ ധാന്യങ്ങള്‍ ആവശ്യമുള്ളവനായിരിക്കില്ല. വസ്ത്രങ്ങളോ ഇറച്ചിയോ മറ്റെന്തെങ്കിലും ആവശ്യമുള്ളവനാകാം. അവന് ധാന്യം കൊടുത്താല്‍ മറ്റാവശ്യങ്ങള്‍ നിര്‍വഹിക്കാനായി ധാന്യം വില്‍ക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. മാത്രമല്ല വിറ്റ് കിട്ടുമ്പോള്‍ യഥാര്‍ഥ വിലയേക്കാള്‍ കുറഞ്ഞ വിലയേ കിട്ടുകയുള്ളൂ. ധാന്യങ്ങള്‍ ഒരുപാട് ഉണ്ടാവുന്ന ക്ഷേമാവസ്ഥയിലാണ് ഇതെല്ലാം. ഇനി ഇവ കിട്ടാന്‍ പ്രയാസപ്പെടുന്ന ക്ഷാമകാലത്താണെങ്കില്‍ ധാന്യങ്ങള്‍ വരുത്തി വിതരണം ചെയ്യലാണുത്തമം.''
ഇമാം സര്‍കശി, ഇമാം അബൂജഅ്ഫര്‍ എന്നിവര്‍ ഇതേ അഭിപ്രായക്കാരാണ്. ഹസന്‍ ബസ്വരി, സുഫയാനുസ്സൌരി, ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് തുടങ്ങിയവരെല്ലാം ഇതില്‍ പെടും. ശൈഖുല്‍ ഇസലാം ഇബ്നുതൈമിയ പറയുന്നത് കാണുക: "ആവശ്യത്തിനല്ലാതെയും പൊതുനന്മക്ക് വേണ്ടിയല്ലാതെയും സകാത്ത് പണമായി നല്‍കാന്‍ പാടില്ല.'' മുആദ്ബ്നുജബലി(റ)നോട് റസൂല്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, അത്ര ഖണ്ഡിതമല്ലാത്ത ഒരു ഹദീസില്‍ കാണാം - മുആദ്(റ) യമന്‍കാരോട് പറയുമായിരുന്നു: "നിങ്ങള്‍ക്ക് സൌകര്യപ്രദമായതും മദീനയിലെ ആളുകള്‍ക്ക് ഉപയോഗപ്രദമായതുമായ സാധനങ്ങള്‍ കൊണ്ടുവന്നു തരിക.'' ഇത് സകാത്തിന്റെ കാര്യത്തിലാണെന്നും ജിസ്യയയുടെ കാര്യത്തിലാണെന്നും അഭിപ്രായാന്തരമുണ്ട്.
അബൂഇസ്ഹാഖ് പറയുന്നു: "ഞങ്ങള്‍ റമദാനിലെ സ്വദഖയായി ഭക്ഷണത്തിന്റെ വില നല്‍കാറുണ്ടായിരുന്നു.''
വിലയായി നല്‍കുന്നതിന്റെ യുക്തി
1) നബി (സ) പാവങ്ങളെ ഈ ദിവസത്തില്‍ ഐശ്വര്യമുള്ളവരാക്കുക എന്നാണ് പറഞ്ഞത്. ഭക്ഷണം പോലെ വില കൊടുത്താലും ഐശ്വര്യമുണ്ടാകും.
2) കാലഘട്ടത്തില്‍ നാണയമാണ് പ്രധാന ക്രയവിക്രയ മാധ്യമം. അതിനാല്‍ പാവങ്ങള്‍ക്ക് അതാണ് കൂടുതല്‍ ഉപകരിക്കുക.
3) നബി(സ) ജനങ്ങളുടെ സൌകര്യവും എളുപ്പവുമാണ് ഉദ്ദേശിച്ചത്. ആ കാലഘട്ടത്തില്‍ നാണയം വിരളവും ഭക്ഷ്യധാന്യങ്ങള്‍ സുലഭവുമായിരുന്നു.
ഒട്ടകത്തിന്റെ സകാത്തായി ആടിനെ നല്‍കാന്‍ ആടിനെ ലഭിക്കാത്തവന്‍ അതിന്റെ വില നല്‍കിയാല്‍ മതിയെന്നും ആടിനെ വാങ്ങാന്‍ മറ്റൊരു പട്ടണത്തില്‍ പോകേണ്ടതില്ലെന്നും ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ പ്രസ്താവിക്കുന്നു.
ആര്‍ക്ക് കൊടുക്കണം?
ഫ്ത്വ്ര്‍ സകാത്ത് ആര്‍ക്ക് കൊടുക്കണം എന്ന വിഷയത്തിലും ഇമാമുമാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. അധിക പണ്ഡിതരും സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എണ്ണിയവര്‍ക്ക് കൊടുക്കണം എന്ന് അഭിപ്രായപ്പെടുന്നു. ഇമാം മാലിക്(റ)ന്റെ അഭിപ്രായപ്രകാരം, ഫഖീര്‍-മിസ്കീന്‍ എന്ന അടിസ്ഥാന വര്‍ഗങ്ങള്‍ക്കാണ് കൊടുക്കേണ്ടത്.
സകാത്ത് ഒരു ദീര്‍ഘകാല പദ്ധതിയാണ്. ഫിത്വ്ര്‍ സകാത്ത് ക്ഷണകാലപദ്ധതിയും. അതിനാലാണ് സകാത്ത് സംഘടിതമായി പിരിച്ചെടുത്ത് എട്ട് വിഭാഗങ്ങളായി തിരിച്ച്, ചിലര്‍ക്ക് അന്നമായും മറ്റു ചിലര്‍ക്ക് കടം വീട്ടാനും മറ്റു ചിലര്‍ക്ക് വരുമാനമാര്‍ഗമായും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പായും ഒക്കെ നല്‍കുന്നത്. അത് സര്‍വകാല ഐശ്വര്യം ലക്ഷ്യം വെക്കുന്നു. എന്നാല്‍ ഫിത്വ്ര്‍ സകാത്ത് പെരുന്നാളുമായി ബന്ധപ്പെട്ട ഐശ്വര്യവും സന്തോഷവുമാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന ദരിദ്രനും അഗതിക്കും തന്നെയാണ് ഫിത്വ്ര്‍ സകാത്ത് ലഭിക്കേണ്ടത്.
കൊടുത്തവര്‍ക്ക് തന്നെ വാങ്ങാമോ?
നാട്ടിലുള്ള പരമാവധി ആളുകളില്‍ ദാനശീലം വളര്‍ത്താനും, എന്നും വാങ്ങുന്നവനായി കഴിയേണ്ടവനല്ല താന്‍ എന്ന് പാവപ്പെട്ടവരില്‍ വരെ ബോധമുണ്ടാക്കാനും ഫിത്വ്ര്‍ സകാത്ത് ഉപകരിക്കണം. അതിനാലാണ് റസൂല്‍(സ) ഒരു ദിവസത്തെ ചെലവ് കഴിച്ച് മിച്ചമുള്ളവരെല്ലാം ഫിത്വ്ര്‍ സകാത്ത് നല്‍കണമെന്ന് പറഞ്ഞത്. അങ്ങനെ നല്‍കിയ ആള്‍ ദരിദ്രരുടെ കൂട്ടത്തില്‍ ആണെങ്കില്‍ പിന്നെ അയാള്‍ക്ക് സകാത്ത് സ്വീകരിക്കുന്നതിലും തെറ്റില്ല.
മറുനാടുകളില്‍
എത്തിക്കാമോ?
ഫിത്വ്ര്‍ സകാത്ത് ദായകരുടെ നാട്ടില്‍ സ്വീകരിക്കാന്‍ ആളില്ലാതിരിക്കുക, അല്ലെങ്കില്‍ തന്റെ ധനമുള്ളിടത്ത് ഫിത്വ്ര്‍ സകാത്ത് ലഭിക്കാന്‍ അര്‍ഹരായവര്‍ ഇല്ലാതാവുക, മറുനാട്ടില്‍ പട്ടിണി, പ്രകൃതിക്ഷോഭം തുടങ്ങിയവ കാരണം കൂടുതല്‍ ആവശ്യക്കാരുണ്ടാവുക, സകാത്തിന് അര്‍ഹരായ സ്വന്തം ബന്ധുക്കള്‍ മറുനാട്ടിലുണ്ടാകുക തുടങ്ങിയ കാരണങ്ങളാല്‍ ഫിത്വ്റ് സകാത്ത് മറുനാട്ടിലേക്ക് കൊണ്ടുപോകാം. സ്വന്തം നാട്ടില്‍ ആവശ്യക്കാരുണ്ടായിരിക്കെ മറുനാട്ടിലേക്ക കൊണ്ടുപോകല്‍ അനുവദനീയമല്ല (ഖറദാവിയുടെ ഫത്വകള്‍ വാ 2 പേ 184).
എപ്പോള്‍ മുതല്‍ കൊടുക്കാം?
ഇമാം ശാഫിയുടെ അഭിപ്രായമനുസരിച്ച്, റമദാന്‍ ഒന്നുമുതല്‍ തന്നെ ഫിത്വ്ര്‍ സകാത്ത് വിതരണം ചെയ്യാം. മറ്റു പല ഇമാമുമാരും മാസപ്പിറവി കണ്ട ശേഷമേ കൊടുക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്. മറ്റു ചിലര്‍ അവസാന മൂന്ന് ദിവസങ്ങളിലായി വിതരണം ചെയ്യാം എന്ന് അഭിപ്രായപ്പെടുന്നു. നബി(സ)യുടെ കാലത്ത് മാസപ്പിറവി കണ്ട ശേഷം വിതരണം ചെയ്താല്‍ തന്നെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പറ്റുന്നത്ര അടുത്തടുത്തായി വളരെ ചുരുക്കം വീടുകളേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല സകാത്തിന് അര്‍ഹര്‍ ആരെല്ലാം എന്ന് കൃത്യമായി അറിവും ഉണ്ടായിരുന്നു. അവകാശികളെ കണ്ടെത്താനും അകലെ താമസിക്കുന്നവരിലേക്ക് അതെത്തിക്കാനും കുറെയധികം സമയം ആവശ്യമുള്ള നമ്മുടെ കാലത്ത് രണ്ടുമൂന്ന് ദിവസം മുമ്പ് തന്നെ വിതരണം തുടങ്ങുന്നതാണ് ഉത്തമം.